kerala

Dr.C P Mathew, Legendry doctor from Kerala, who was expert in cancer treatment

Read English Article Here.

കേരളത്തിൽ ജീവിച്ചിരുന്ന ഒരു താപസ ഭിഷഗ്വരൻ ഇഹലോകവാസം വെടിഞ്ഞിട്ട് മലയാളത്തിലെ മാദ്ധ്യമങ്ങൾ അറിഞ്ഞില്ല.

അഥവാ അറിഞ്ഞതായി നടിച്ചില്ല. എന്താ കാര്യം?

മറ്റൊന്നുമല്ല അലോപ്പതിയെ വെടിഞ്ഞ് ഭാരതത്തിൻ്റെ തനതായ ആത്മീയ ചികിത്സയിലേക്ക് തിരിഞ്ഞ മഹാമനീഷിയായി രുന്നു സി.പി.മാത്യു എന്ന 92- കാരൻ. അതു കൊണ്ടു തന്നെ അത് ലോകം ശ്രദ്ധിക്കും. അങ്ങനെ വന്നാൽ അത് മരുന്നു മാഫിയയ്ക്ക്‌ ക്ഷീണമാകും. പരസ്യം നൽകുന്ന ഐ.എം.എ.ക്കാർ, പേസ്റ്റ്, സോപ്പ് കമ്പനിക്കാർക്ക് പിണക്കമുണ്ടാകും. അതു കൊണ്ട് ‘മുണ്ടാണ്ടി’രിക്കണം.

‘മുണ്ടാണ്ടിരുന്നോളു.’

മിണ്ടാതിരിക്കുന്നവരെ മിണ്ടിക്കുന്ന ചില കുണ്ടാമണ്ടികൾ ലോകത്തുണ്ടെന്ന് മണ്ട ശിരോമണികളായ നിങ്ങളറിയണം.

സി.പി.മാത്യു സാറിനെപ്പറ്റി മറ്റൊരാൾ എഴുതിയ കുറിപ്പ് താഴെക്കൊടുക്കുന്നു.

മാത്യു സാറിനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ റിട്ടയർമെൻ്റിന് ശേഷമുള്ള ജീവിതത്തെപ്പറ്റിയും സംഭാവനകളെ പറ്റിയുമാണ് എല്ലാവരും പറയുക. സിദ്ധവൈദ്യത്തിനും ആയുർവേദത്തിനും ഒക്കെ അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവില്ല.

ചരകമഹർഷിയേയും സുശ്രുത മഹർഷിയേയും അഗസ്ത്യരേയും കണ്ടിട്ടില്ല എന്ന് സങ്കടമുള്ളവർക്ക് ഇദ്ദേഹത്തെ കണ്ടാൽ വിഷമിക്കേണ്ടതില്ല.

പക്ഷേ പാരമ്പര്യ വൈദ്യശാസ്ത്രത്തിനെന്ന പോലെ തന്നെ ആധുനിക വൈദ്യശാസ്ത്രത്തിനും ഇദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും കുറച്ച് കാണാനാവില്ല. ഇന്ത്യയിൽ നിന്ന് ഇത്രയും പുതിയ കണ്ടെത്തലുകൾ നടത്തിയ മറ്റൊരു ഭിഷഗ്വര ഗവേഷകനുണ്ടോ ആ തലമുറയിൽ എന്ന് സംശയമാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈദ്യശാസ്ത്രത്തിന് ആധുനികം പാരമ്പര്യം തുടങ്ങിയ അതിർവരമ്പുകൾ ഒന്നുമില്ലായിരുന്നു എന്നതാണ് സത്യം .

താൻ പരിശോധന തുടങ്ങിയ ആദ്യകാലങ്ങളിൽ തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ശാസ്ത്രീയ കണ്ടെത്തലുകളും പ്രയോഗിക്കുന്നതിൽ ഒട്ടും പിന്നോക്കമായിരുന്നില്ല അദ്ദേഹം. പാരീസിലെ ക്യൂറി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയ റേഡിയേഷൻ സൂചികൾ അന്നത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യയായിരുന്നു. അന്നത്തെ ഒരു ഡോക്ടർമാർക്കും വളരെ കുഴഞ്ഞ് മറിഞ്ഞ ഇതിൻ്റെ കണക്കുകൂട്ടലുകളോ സങ്കേതമോ വശമുണ്ടായിരുന്നില്ല. റേഡിയേഷൻ ഫിസിക്സ് അറിയാവുന്ന ഗവേഷകരുടെ (മെഡിക്കൽ ഫിസിസിസ്റ്റ്) സേവനവും അന്ന് ലഭ്യമല്ല.

റേഡിയം സൂചിയിരുന്ന് വെറുതേ പോകണ്ട എന്ന് കരുതി മാത്യു സാർ സ്വന്തമായി എല്ലാം പുസ്തകങ്ങൾ വരുത്തി പഠിച്ചു. പരിശീലിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ബ്രാക്കി തെറാപ്പി സർവീസ് അങ്ങനെ മെഡിക്കൽ കോളേജിൽ ആരംഭിച്ചു. അനേകം രോഗികൾക്ക് പൂർണ്ണ രോഗവിരാമമുണ്ടാകാൻ ആ സേവനം സഹായിച്ചിട്ടുണ്ട്.

സർജറിയിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു അദ്ദേഹം. കാൻസർ ശസ്ത്രക്രിയാ സമയത്ത് റേഡിയേഷൻ സൂചികൾ നേരിട്ട് ഉപയോഗിക്കുന്ന intraoperative brachytherapy അറുപതുകളിലും എഴുപതുകളിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്നതായി പറഞ്ഞിട്ടുണ്ട്. Intraoperative brachytherapy എന്നത് റേഡിയേഷൻ ചികിത്സയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായും വളരെ ഫലവത്തായ ചികിത്സയായുമൊക്കെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ ലോകപ്രശസ്ത ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ നിറയുന്നുണ്ട് എന്ന് അറിയുമ്പോഴാണ് നാൽപ്പത് അമ്പത് കൊല്ലം മുൻപ് ആ മനുഷ്യൻ നടന്ന വഴികളുടെ മഹത്വം അറിയുകയുള്ളൂ.

ഇന്ന് ആധുനിക ചികിത്സയിൽ ഗർഭാശയഗള കാൻസർ ഏതാണ്ട് പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നായി അംഗീകരിച്ചിട്ടുണ്ട്. റേഡിയേഷൻ ചികിത്സയോടൊപ്പം കീമോതെറാപ്പിയും നൽകിയാണ് ഗർഭാശയഗള കാൻസർ ഇന്ന് പൂർണ്ണമായും ഭേദമാക്കാനാവുന്ന ഒന്നായി മാറിയത്. ലോകത്താദ്യമായി ഗർഭാശയഗള കാൻസറിൽ റേഡിയേഷൻ ചികിത്സക്കൊപ്പം മരുന്നു ചികിത്സ നടത്തിയത് ഡോക്ടർ സി പി മാത്യു ആണ്. കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അത്.

കോട്ടയം മെഡിക്കൽ കോളേജിലെ റേഡിയേഷൻ ഉപകരണം തകരാറിലായപ്പോഴാണ് അദ്ദേഹം ഈ ചികിത്സ നടത്തിയത്. അന്ന് സ്ത്രീകളിലെ ഗർഭാശയഗള കാൻസർ വളരെ കൂടുതലായ കാലമായിരുന്നു. അനേകം രോഗികൾക്ക് ചികിത്സ പാതി വഴിയിൽ നിന്നു. ചികിത്സ പാതി വഴിയിൽ നിർത്തുന്നത് ഒരു ചികിത്സയും കൊടുക്കാത്തതിനേക്കാൾ ഗുരുതരമാണ്. കാൻസർ ഇരട്ടി ശക്തിയോടെ ആക്രമിക്കും. ഉപകരണം നന്നാക്കാനാവാതെ പാതി ചികിത്സ കിട്ടിയ രോഗികൾക്ക് മരണം മാത്രം മുന്നിലെന്ന് വന്നപ്പോഴാണ് ഒരു മെഡിക്കൽ കമ്പനിക്കാർ സൗജന്യമായി നൽകിയ കുറച്ച് കുപ്പി കീമോതെറാപ്പി മരുന്ന് ഇവർക്ക് നൽകി നോക്കിയാലോ എന്ന് മാത്യു സർ ആലോചിച്ചത്. റേഡിയേഷൻ, കീമോ ചികിത്സകൾ യോജിപ്പിച്ച് നൽകുന്നത് അന്ന് പതിവില്ലായിരുന്നു. പക്ഷേ രോഗികളെ രക്ഷിക്കാൻ ഉള്ള ആ സാദ്ധ്യതയുടെ അപകടം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായി.

എന്നാൽ എല്ലാവർക്കും അത്ഭുതകരമായി ട്യൂമർ വലുപ്പം കുറയാൻ തുടങ്ങി. ഉപകരണം ഭേദമായപ്പോൾ റേഡിയേഷനും നൽകി. പിന്നീട് പുതിയ രോഗികൾക്കും ഈ രീതിയിൽ ചികിത്സ നൽകുകയും പബ്ളിഷ് ചെയ്യുകയും ചെയ്തു. 251 രോഗികളിൽ നടത്തിയ ചികിത്സ ഫലവത്താണെന്ന് കണ്ട് അത് ഇന്ത്യൻ ജേർണൽ ഓഫ് കാൻസറിൽ ഗവേഷണ പ്രബന്ധമായി പ്രസിദ്ധീകരിച്ചു. അതു വഴി ഈ ചികിത്സാരീതി ലോകശ്രദ്ധയാകർഷിക്കുകയായിരുന്നു.

ഒരു സാങ്കേതിക വിദ്യയും പുതിയ സങ്കേതങ്ങളും അദ്ദേഹം ഉപേക്ഷിച്ചില്ല. Intralymphatic chemotherapy യെപ്പറ്റി നേച്ചർ മാഗസിനിൽ ഉൾപ്പെടെ ഇപ്പോഴും പ്രബന്ധങ്ങൾ വരുന്നു. അദ്ദേഹം 1969ൽ അതേപ്പറ്റി പഠനം നടത്തി രോഗികളെ ചികിത്സിച്ചു. കാലത്തിന് മുന്നേ നടന്നു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും.

ഗർഭാശയഗള കാൻസറിൽ (Uterine Cervix) റേഡിയേഷന് ഒപ്പം കീമോതെറാപ്പി ഉപയോഗിക്കുന്നതിലെ സാദ്ധ്യതകളെപ്പറ്റിയുള്ള ഗവേഷണം അന്ന് ഇന്ത്യയിലെ കാൻസർ വിദഗ്ധരുടെ കോൺഫറൻസിൽ അവതരിപ്പിച്ചപ്പോൾ ദൈവനിഷേധിയെ മതഭീകരവാദികൾ എന്ന പോലെയാണ് അന്നത്തെ പ്രമുഖ കാൻസർ ഡോക്ടർമാർ മാത്യു സാറിനെ നേരിട്ടത്. പിന്നീടത് ലോകം മുഴുവൻ ഏറ്റെടുത്തപ്പോൾ ഒരു ക്രെഡിറ്റും ഏൽക്കാൻ നിൽക്കാതെ നിശബ്ദം ചിരിച്ചു കൊണ്ട് ആ കർമ്മയോഗി നടന്നകന്നു.

തനിക്ക് ചികിത്സിക്കാനാകാതെ മരണം വിധിച്ച് പറഞ്ഞയച്ച ഇടുക്കിയിലെ ഒരു രോഗിയെ തമിഴ്നാട്ടിൽ നിന്നെത്തിയ ഏതോ ലാടവൈദ്യൻ ചികിത്സിച്ച് ഭേദമാക്കി എന്നറിഞ്ഞപ്പോഴാണ് ഇതെന്ത് വിദ്യയെന്ന് കണ്ടെത്താൻ ആ വൈദ്യരെ തിരക്കിപ്പോയത്. തൻ്റെ കൂടെ സന്യാസിയായി വന്നാൽ മരുന്ന് പറഞ്ഞ് തരാമെന്നായി വൈദ്യർ. ഇത്രയും നാൾ താൻ പഠിച്ച ശാസ്ത്രത്തിനപ്പുറം അങ്ങനെയൊരു മരുന്നുണ്ടെങ്കിൽ അതുമറിയണം എന്ന് കരുതി മെഡിക്കൽ കോളേജ് പ്രൊഫസർ ആറുമാസം ലീവുമെടുത്ത് സന്യാസിയായി വൈദ്യർക്കൊപ്പം കൂടി. കുറച്ച് നാളുകൾക്കകം ഇത് സിദ്ധവൈദ്യമാണെന്ന് മനസ്സിലാക്കി.

തിരികെ വീട്ടിലെത്തി പിന്നീട് സിദ്ധവൈദ്യവും ആയൂർവേദവും എല്ലാം ആഴത്തിൽ പഠിക്കാനാരംഭിച്ചു. ആ വൈദ്യശാസ്ത്ര ശാഖകളിൽ ഒളിഞ്ഞിരിക്കുന്ന ഉൾക്കാഴ്ചയുടെ ആഴങ്ങളിലേക്ക് കടന്ന് ആ മഹാപരമ്പരയിൽ ദീക്ഷിതനായി. ചരകർക്കും സുശ്രുതർക്കും അഗസ്ത്യക്കുമുണ്ടായ ഉൾക്കാഴ്ച അകക്കണ്ണിൽ തെളിഞ്ഞപ്പോൾ ഡോക്ടർ സി പി മാത്യു ധന്വന്തരമൂർത്തിയുടെ അവതാര മഹിമയായി.

ബാക്കിയെല്ലാം പലരായി അടുത്തിടെ എഴുതിയിട്ടുണ്ട്. ആയൂർവേദവും സിദ്ധയും മാത്രമല്ല പച്ചമരുന്നുകളും ധ്യാനവും വരെ അദ്ദേഹം ചികിത്സയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിനുള്ള സങ്കേതങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ആധുനിക വൈദ്യത്തിലെ എല്ലാ പുതിയ സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രോഗികളെ ചികിത്സിക്കാനും ശ്രദ്ധിച്ചിരുന്നു. മിക്ക രോഗികൾക്കും സിദ്ധ ആയുർവേദ മരുന്നുകളോടൊപ്പം കീമോതെറാപ്പിയും റേഡിയേഷനും എല്ലാം നൽകാൻ ആശുപത്രിയിൽ പറഞ്ഞയക്കാൻ ശ്രദ്ധിച്ചു. റിട്ടയർമെൻ്റിന് ശേഷം ഒരു മുഖ്യധാരാ ആശുപത്രിയിലും അദ്ദേഹം സ്വന്തമായി പ്രാക്ടീസ് ചെയ്തില്ല.

എന്താണ് ഡോക്ടർ സി പി മാത്യുവിൻ്റെ പ്രത്യേകത? ആയൂർവേദവും സിദ്ധവൈദ്യവുമെല്ലാം ആധുനിക ചികിത്സയോട് സമന്വയിപ്പിച്ചതാണോ? സത്യം പറഞ്ഞാൽ അല്ല. പകരം ആ തൻ്റെ മുന്നിലുള്ള ഏതൊരു സങ്കേതവും, തൻ്റെ കൈയ്യിലെ അവസാനത്തെ ശസ്ത്രവും രോഗ ചികിത്സക്കായും രോഗിയെ രക്ഷപെടുത്താനായും ഉപയോഗിക്കും എന്ന ദൃഢചിത്തതയാണ് അദ്ദേഹത്തിൻ്റെ പ്രത്യേകത. പാരീസിൽ നിന്നെത്തി വെറുതേയിരുന്ന റേഡിയം സൂചി ഒന്ന് തൊട്ട് നോക്കാൻ പോലും അറിയാതെയിരുന്ന മറ്റുള്ള ഡോക്ടർമാർ മാറി നിന്നപ്പോൾ അത് മുഴുവൻ പഠിച്ച് ചികിത്സ നടത്തിയതു മുതൽ intralymphatic chemotherapy വരെ, റേഡിയേഷൻ മെഷീൻ കേടായിപ്പോയപ്പോൾ മരണ വക്ത്രത്തിലായവർക്ക് അലമാരയിൽ ഉപയോഗിക്കാതിരിക്കുന്ന കീമോ മരുന്ന് കൊടുത്ത് നോക്കാം എന്ന ചിന്ത മുതൽ നവപാഷാണം കൊണ്ടുള്ള ചികിത്സ വരെ ചെയ്തപ്പോഴും ഡോക്ടർ സി പി മാത്യു ചെയ്തത് അതാണ്. തൻ്റെ കൈയ്യിലെ അവസാനത്തെ ശസ്ത്രവും രോഗ ചികിത്സക്കായും രോഗിയെ രക്ഷപെടുത്താനായും ഉപയോഗിക്കും എന്ന ദൃഢചിത്തത.

92 വയസ്സുവരെ സാക്ഷാൽ കർമ്മയോഗി തന്നെയായി ജീവിച്ചു. കഴിഞ്ഞയാഴ്ച വരെ രോഗികളെ ചികിത്സിച്ചു. ഒരു ക്ഷീണം തോന്നിയപ്പോൾ കിടന്നു. ആശുപത്രിയിൽ കൊണ്ട് പോകണ്ട എന്ന് ബന്ധുക്കളോട് പറഞ്ഞു. ശാന്തമായി ഒരില കൊഴിയും പോലെ ഒരുടുപ്പൂരി മാറ്റും പോലെ ശരീരമുപേക്ഷിച്ചു.

ജീവിതം പഠിപ്പിച്ച മഹാ വൈദ്യന്, സാറിന് ആദരാഞ്ജലി. മുക്തനായി ആനന്ദത്തിലലിഞ്ഞ ജീവിതമായിരുന്നു. ആ വഴി തന്നെ സദ്ഗതി.

കാളിയമ്പി എഴുതിയത്

I am located at Kothamangalam Town, Eranakulam District, Kerala, India.

Click here to Subscribe my blog.

Gijo Vijayan — Author

Warm Regards

GIJO VIJAYAN
Blogger, Author, Entrepreneur
Kothamangalam
Kerala, India
Whatsapp: +91 9798404042
WWW.GIJOKV.COM
My Social Media Links:

Facebook
Facebook Page
Twitter
Linkedin
Instagram
Linktree
Youtube Channel
QUORA
Telegram Channel
Linkedin Group
E-BOOK Store
Amazon Author Page
Newsletter

#kerala #doctor